പി ഇന്ദിര കണ്ണൂര്‍ കോര്പ്പറേഷന് മേയറാകും

പി ഇന്ദിര കണ്ണൂര്‍ കോര്പ്പറേഷന് മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചു. ഇന്ദിരയ്ക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു. ഇത്തവണ കോര്‍പ്പറേഷനില്‍ മേയര്‍ വനിതാ സംവരണമാണ്. കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ 4 സ്ഥാനാര്‍ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.
2015ല്‍ കണ്ണൂര്‍ കോര്പറേഷന് ആയതുമുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്. 2020ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ടി ഒ മോഹനനാണ് മേയര്‍ ആയത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലിന് അധികാരം കൈമാറി. ആദ്യം കെ ഷബീലയും പിന്നീട് പി ഇന്ദിരയും ഡെപ്യൂട്ടി മേയറാവുകയായിരുന്നു.



