പൂട്ടിയിട്ട വീട്… ചെടി നനയ്ക്കാൻ അസം സ്വദേശി…നഷ്ടമായത്….
കാട്ടായിക്കോണത്ത് വീട് കുത്തി തുറന്ന് മോഷണം നടന്ന സംഭവത്തിൽ പ്രതികളുടെ വിരലടയാളം ലഭിച്ചെന്ന് പൊലീസ്. കാട്ടായിക്കോണം ഒരുവാൻമൂല ഉത്രാടം വീട്ടിൽ ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
പൂട്ടിയിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ അഞ്ചു മാസമായി ചന്ദ്രബാബുവും കുടുംബവും മകളോടൊപ്പം അടൂരാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ടിരുന്നതിനാൽ വീട്ടിലെ ചെടി നനയ്ക്കുന്നതിനും മറ്റുമായി ഒരു ആസാം സ്വദേശിയെ ഏർപ്പാടാക്കിയിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം ചെടി നനയ്ക്കാനായി ആസാം സ്വദേശി എത്തിയിരുന്നു. അപ്പോഴാണ് വീടിന്റെ സൈഡ് ഡോർ കുത്തി തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രബാബുവിന്റെ സഹോദരനായ സുരേഷ് ബാബുവിനെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവർ പോത്തൻകോട് പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഏകദേശം എട്ടേകാൽ പവനും 70,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ രണ്ട് വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടാതെ സമീപത്ത് നിന്നും ലഭിച്ച സിസിടിവി ദ്യശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.