ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ ഉമര്‍ മുഹമ്മദ്?.. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരരുമായി ബന്ധം…

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നില്‍ ഉമര്‍ മുഹമ്മദ് എന്ന് സൂചന. ഇയാള്‍ക്ക് ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമിലുമായും ഡോ. ആദിലുമായും ഉമറിനു ബന്ധമുണ്ടെന്നാണ് വിവരം. കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

അതേസമയം സ്ഫോടനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. രാജ്യ തലസ്ഥാനത്ത് വ്യാപക പരിശോധനയും നടന്നു വരുന്നു. വാഹനത്തിന്റെ ആദ്യ ഉടമയായ ദേവേന്ദ്രനിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ ആയിരുന്നു. അമീർ പിന്നീട് വാഹനം കൈമാറിയത് പുൽവാമ സ്വദേശി താരിഖിനാണ്. ഇയാൾ വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. വാഹനം താരിഖിന് വിറ്റതാണ് എന്നാണ് നിഗമനം. കഴിഞ്ഞ മാസം 29 ന് ആണ് താരിഖ് വാഹനം വാങ്ങിയത്. ഇതേ വാഹനം പിന്നീട് ഉമർ മുഹമ്മദിന് കൈമാറി. എന്നാലിത് വിൽപ്പനയല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

താരിഖ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെല്ലാം കശ്മീർ സ്വദേശികളാണെങ്കിലും ദില്ലിയിൽ തന്നെയാണ് താമസിച്ചിരുന്നത്. മാത്രമല്ല വാഹന കൈമാറ്റം നടന്നതെല്ലാം ദില്ലിയിൽ വച്ച് തന്നെയാണ്. നിലവിൽ 13 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു.

Related Articles

Back to top button