വൻകിട കയ്യേറ്റം.. ഒഴിപ്പിക്കാതിരിക്കാൻ ഉടമയുടെ യമണ്ടൻ ഐഡിയ… കുരിശ് പണിത് ഉടമ.. എല്ലാത്തിനും ഉദ്യോഗസ്ഥരുടെ ഒത്താശ….

ഇടുക്കി പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് പണിത് കയ്യേറ്റക്കാരൻ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് നി‍ർമ്മിച്ച റിസോർട്ടിനോട് ചേർന്നാണ് പുതിയതായി കുരിശ് പണിതത്. ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദ്ദേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കുരിശിന്‍റെ പണികൾ പൂർത്തിയാക്കിയത്. വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെന്‍റ് സർക്കാർ ഭൂമി കയ്യേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമ്മിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ലാ കളക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തി. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശിച്ചിരുന്നു.സജിത് ജോസഫിന് പേരിനായി സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എന്നാൽ ഇതവഗണിച്ച് കുരിശിന്‍റെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. പണികൾ നടക്കുന്നത് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം.കയ്യേറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇടയിലും റവന്യൂ ഉദ്യോഗസ്ഥരുമായി സജിത്ത് ജോസഫ് നിരന്തരം കൂടിക്കാഴ്ച നടത്തുന്നതായും വിവരമുണ്ട്.

Related Articles

Back to top button