ജനപ്രതിനിധിക്ക് ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം, ഇൻഷുറൻസ് കമ്പനിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു, 10 വർഷത്തിന് ശേഷം നീതി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജനപ്രതിനിധിക്ക് പത്തു വർഷത്തിന് ശേഷം നീതി. കുളനട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റും നിലവിലെ അംഗവുമായ ജോൺസൺ ഉള്ളന്നൂരിന് (ജോൺസൺ പി ഡി) ഒരുകോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാനാണ് പത്തനംതിട്ട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടത്. ഇൻഷുറൻസ് കമ്പനിയുടെ ശക്തമായ വാദങ്ങൾ തള്ളിക്കൊണ്ട് ജഡ്ജി ജി പി ജയകൃഷ്ണനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ആകെ 1,01,32,854 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക

2015 നവംബർ ഏഴിന് രാത്രി 9.30-ഓടെ കുളനട ജംഗ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോൺസൺ തന്‍റെ സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജോൺസണ് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് 93 ദിവസത്തോളം വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി ഗുണശീലൻ ആറിന്‍റെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

കേസിന്‍റെ വിചാരണ വേളയിൽ ഇൻഷുറൻസ് കമ്പനി ഹർജിക്കാരനെതിരെ പല വാദങ്ങളും ഉന്നയിച്ചിരുന്നു. ജോൺസൺ ഹെൽമറ്റ് ധരിക്കാത്തതും ഡ്രൈവിംഗിലെ പരിചയക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് കമ്പനി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കൂടാതെ, അദ്ദേഹം ഇപ്പോഴും ജനപ്രതിനിധിയായി തുടരുന്നുണ്ടെന്നും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വൈകല്യം കുറവാണെന്ന് വാദിക്കാനും കമ്പനി ശ്രമിച്ചു. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കി എന്നതുകൊണ്ട് മാത്രം ഒരാളുടെ ശാരീരിക വൈകല്യം ഇല്ലാതാകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, ഇൻഷുറൻസ് കമ്പനിയുടെ എതിർവാദങ്ങളെല്ലാം തള്ളി.

ഈ കേസിൽ അപൂർവ്വമായി മൂന്ന് തവണയാണ് മെഡിക്കൽ ബോർഡ് പരിശോധന നടന്നത്. 2021-ലെ ആദ്യ പരിശോധനയിൽ 75 ശതമാനവും, 2025 ജനുവരിയിലെ രണ്ടാം പരിശോധനയിൽ 60 ശതമാനവും വൈകല്യം കണ്ടെത്തിയിരുന്നു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റേറ്റ് ന്യൂറോ ബോർഡ് നടത്തിയ പരിശോധനയിൽ 74 ശതമാനം വൈകല്യം സ്ഥിരീകരിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ച് കൊണ്ടാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.

വിവിധ ഇനങ്ങളിലായി വലിയൊരു തുക കോടതി ജോൺസണ് അനുവദിച്ചു. ചികിത്സാ ചെലവുകൾക്കായി 14,81,500 രൂപയും, ശാരീരിക വേദനയ്ക്കും കഷ്ടപ്പാടുകൾക്കുമായി 7,50,000 രൂപയും, ജീവിത സൗകര്യങ്ങളുടെ നഷ്ടത്തിന് 5,00,000 രൂപയും കോടതി കണക്കാക്കി. ഇതിന് പുറമെ അപകടത്തെത്തുടർന്നുണ്ടായ തൊഴിൽ നഷ്ടത്തിന് 1,59,466 രൂപയും, പ്രത്യേക ഭക്ഷണക്രമത്തിന് 1,00,000 രൂപയും, സഹായിയുടെ സേവനത്തിനായി 71,500 രൂപയും, യാത്രാ ചെലവുകൾക്കായി 39,859 രൂപയും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകെ അനുവദിച്ച തുക ഒരു മാസത്തിനകം എച്ച്ഡിഎഫ്സി എർഗോ  ജനറൽ ഇൻഷുറൻസ് കമ്പനി കോടതിയിൽ കെട്ടിവയ്ക്കണം. ഹർജിക്കാരന് വേണ്ടി പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. പ്രശാന്ത് വി. കുറുപ്പ് ഹാജരായി. പത്തു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചത് ജോൺസൺ ഉള്ളന്നൂരിനും കുടുംബത്തിനും വലിയ ആശ്വാസമായി.

Related Articles

Back to top button