ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്, കാർ പൂർണമായും തകർന്നു

തൃശൂർ ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. പള്ളം പുതുപ്പാടത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന ഡ്രെെവർക്കും ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. അമിത വേഗതിയിലെത്തിയ ബസ് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികന് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവർ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസും കാറും സമീപത്തുണ്ടായിരുന്ന ഒരു മതിലിൽ ഇടിച്ചാണ് നിന്നത്.

Related Articles

Back to top button