കണ്ണ് ചുമന്നു തടിക്കുന്ന പ്രശ്‌നവുമായി ഡോക്ടറെ കാണാനെത്തി മൂന്നരവയസ്സുകാരി.. പരിശോധനയിൽ കണ്ടെത്തിയത്..
കണ്ണ് ചുമന്നു തടിക്കുന്ന പ്രശ്‌നവുമായി ഡോക്ടറെ കാണാനെത്തിയ കുഞ്ഞിന്റെ കണ്ണിൽ നിന്നും വിരയെ പുറത്തെടുത്തു. ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂന്ന് സെന്റീമീറ്റർ നീളമുള്ള ഡയറോഫിലേറിയ എന്ന വിരയെ നീക്കം ചെയ്തത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മൂന്നരവയസ്സുകാരിയുടെ കണ്ണിലാണ് കാഴ്ച ശക്തിയെപ്പോലും ബാധിക്കാവുന്ന വിരയെ കണ്ടെത്തിയത്.
താലൂക്കാശുപത്രിയുടെ ഒപിയിൽ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്‌നവുമായാണ് പെൺകുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്. ഡോക്ടർമാരായ എം. അണിമയും ടി.വി. സിത്താരയും ചേർന്ന് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയയാക്കി. കണ്ണിന്റെ പുറംപാളിയിൽ (കൺജക്റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തു.
കണ്ണിലായതു കൊണ്ട് പെട്ടെന്ന് കണ്ടെത്താനായെങ്കിലും കുട്ടിയുടെ കണ്ണിൽ നിന്ന് വിരയെ നീക്കുകയെന്നത് ശ്രമകരമായിരുന്നു. ഇവ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കും. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായെന്ന് ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻജോൺ ആളൂർ പറഞ്ഞു.