സമരം ചെയ്‌തവർക്കെതിരെ പ്രതികാര നടപടിയിൽ നിന്ന് പിന്മാറി കെഎസ്ആർടിസി…തീരുമാനം…
order-to-delay-salary-to-those-who-protested-aganist-ksrtcis-withdrawn
പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്ക് എതിരെയുള്ള പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവർക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആർടിസി മാനേജ്മെൻ്റ് പിൻവലിച്ചത്. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിക്കുള്ള നീക്കം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി.
ഒരു ദിവസത്തെ ശമ്പളം പിടിക്കാൻ തീരുമാനിച്ചതിന് പുറമെ സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയ്യാറാക്കാൻ കോർപ്പറേഷൻ നിര്‍ദേശം നൽകിയിരുന്നു. ഡയസ്‌നോണ്‍ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവല്‍ നല്‍കണമെന്നും ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം സ്പാര്‍ക്ക് സെല്ലില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും ചീഫ് അക്കൗണ്ട് ഓഫിസര്‍ നേരത്തെ നല്‍കിയ നിര്‍ദേശത്തിലുണ്ട്.
ഇതേ തുടര്‍ന്ന് പണിമുടക്കി പ്രതിഷേധിച്ചവരുടെ ശമ്പളം മാത്രം പ്രത്യേകമായി വൈകിക്കാനുള്ള നിർദേശത്തിനെതിരെ പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാരുടെ സംഘടനയായ ടിഡിഎഫ് നേതാക്കള്‍ ഡിപ്പോകളിലും ചീഫ് ഓഫീസ് ആസ്ഥാനത്തും ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
ഉത്തരവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ചീഫ് അക്കൗണ്ട്സ് ഓഫിസറെ ഓഫീസിൽ കയറ്റില്ലെന്നും ടിഡിഎഫ് പ്രഖ്യാപിച്ചു. ഇതോടെയാണ് എല്ലാ ജീവനക്കാരുടെയും ശമ്പള ബില്ലുകൾ ഒന്നിച്ച് പരിഗണിക്കണമെന്നും മാർച്ച് ഒന്നാം തീയതിക്ക് മുമ്പ് അനുമതി നൽകണമെന്നും ചൂണ്ടിക്കാട്ടി ഇന്ന് കെഎസ്ആർടിസി ചീഫ് അക്കൗണ്ട്സ് ഓഫീസർ പുതിയ ഉത്തരവിറക്കിയത്.