സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണം, ശബരിമല സ്വർണക്കൊള്ള കേസിലെ ഹൈക്കോടതി നിരീക്ഷണത്തിൽ പ്രതിപക്ഷം

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരായ ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇന്ന് ഹൈക്കോടതി അത് ശരിവെച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി കണ്ണുതുറന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.
അന്വേഷണം വന്‍ സ്രാവുകളിലേക്ക് നീങ്ങിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് വി ഡി സതീശൻ എടുത്തു പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് എസ്‌ഐടിക്ക് മുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയത്. തങ്ങള്‍ അപ്പോഴും എസ്‌ഐടിയില്‍ അതൃപ്തി അറിയിച്ചില്ല. ഹൈക്കോടതി നിയോഗിച്ച ടീമാണ് അവര്‍. അവര്‍ക്ക് സത്യസന്ധമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും. എന്നാല്‍ അവരും മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിലെ പൊലീസാണ്. അതുകൊണ്ടാണ് മുഖ്യമന്തിയുടെ ഓഫീസിന് മേലുള്ള സമ്മര്‍ദ്ധമുണ്ടായപ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



