എം എ ബേബിയെ അഭിനന്ദിക്കുന്നു…പിണറായിയുടെയും കാരാട്ടിന്റെയും ദൂഷിത വലയത്തിൽ പെടരുത്..
സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയ തലത്തിൽ പ്രവർത്തിച്ച ബേബിക്ക് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയുടെ നിലപാടുകൾക്കൊപ്പം നിന്ന് ബിജെപിക്കെതിരെ പോരാടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രകാശ് കാരാട്ടിനെ പോലെയും പിണറായി വിജയനെ പോലെയുമുള്ള ആളുകൾ പുറത്തുനിന്ന് നിയന്ത്രിച്ചാൽ അദ്ദേഹത്തിന് വർഗീയ ശക്തികൾക്കെതിരായ പോരാട്ടവുമായി മുന്നോട്ടു പോകാൻ കഴിയില്ല.
ബിജെപി നവ ഫാസിസ്റ്റ് ശക്തി പോലുമല്ലെന്ന് കണ്ടുപിടിത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട്. അതിന് പിന്തുണ കൊടുത്ത ആളാണ് പിണറായി വിജയൻ. കോൺഗ്രസ് വിരുദ്ധതയാണ് അവരുടെ മനസ്സിനുള്ളിൽ മുഴുവനുള്ളത്. ബിജെപിയുമായി സന്ധി ചെയ്താലും കോൺഗ്രസിനെ തകർക്കണമെന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടും. ഇവരുടെ ദൂഷിത വലയത്തിൽ പെട്ടു പോകാതെ മുന്നോട്ടു പോയാൽ ദേശീയതലത്തിൽ ഒരു സെക്കുലർ നിലപാടെടുക്കാൻ ബേബിക്ക് കഴിയുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.