‘ശ്രീനാരായണീയനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം’
ഗുരുദേവന്‍ പോരാടിയത് വിദ്വേഷത്തിന്റെ ക്യാംപയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാംപയിന്‍ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനം. ശ്രീനാരായണ ദര്‍ശനത്തിന് പോറല്‍ പോലുമേല്‍ക്കാന്‍ അനുവദിക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ ഞാനുണ്ടാകും. ശ്രീനാരായണീയനായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
വി ഡി സതീശനെതിരെ വെള്ളാപ്പള്ളി പരസ്യ വിമര്‍ശനം തുടരുന്നതിനിടെയാണ് തൃപ്പൂണിത്തുറയിലും, പറവൂരിലും എസ്എന്‍ഡിപി പരിപാടികളില്‍ വി ഡി സതീശന്‍ പങ്കെടുത്തത്. ഇന്ന് രാവിലെ വിഡി സതീശനെ വെള്ളാപ്പള്ളി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ലീഗും കേരള കോണ്‍ഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം ഐക്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വിഡി സതീശന്‍ എസ്എന്‍ഡിപി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്‌സല്‍ ആണ് സതീശന്‍ നടത്തുന്നത്. എന്നാല്‍ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്ന നിലയിലാണ് വിഡി സതീശനെ എസ്എന്‍ഡിപി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതില്‍ മഞ്ഞുരുകലിന്റെ പ്രശ്‌നമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഈ വിമര്‍ശനത്തിന് ശേഷമാണ് എസ്എന്‍ഡിപി പരിപാടിയില്‍ വിഡി സതീശന്‍ പങ്കെടുത്തത്.