പുനസംഘടനയിൽ കോണ്‍ഗ്രസിൽ കടുത്ത അതൃപ്തി..പരാതിയുമായി യുവനേതാക്കൾ

കെപിസിസി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്‍റുമാരെയും നിയമിക്കുന്നതിൽ മാത്രം പുനസംഘടന ഒതുക്കുന്നതിൽ കോണ്‍ഗ്രസിൽ കടുത്ത അതൃപ്തി. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി പ്രസിഡന്‍റുമാരെ മാറ്റിയേ മതിയാകൂവെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്നാണ് വിവരം. കെപിസിസി സെക്രട്ടറിമാരെ നിയമിക്കാത്തതിനെതിരെ യുവനേതാക്കള്‍ അടക്കം എഐസിസിക്ക് പരാതി നൽകി. ഡിസിസി പ്രസിഡന്‍റുമാരെ അടക്കം മാറ്റി പുനസംഘടന എന്ന നിലയിലാണ് ചര്‍ച്ച തുടങ്ങിയത്. 

കെപിസിസിയിൽ പുതിയ സെക്രട്ടറിമാരെയും നിയോഗിക്കാൻ ആലോചിച്ചു. എന്നാൽ പല വട്ടം ചര്‍ച്ച നടത്തി അവസാനം എത്തിയത് കെപിസിസി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്‍റുമാരെയും ട്രഷററെയും പ്രഖ്യാപിക്കാമെന്ന അഭിപ്രായത്തിൽ ടീം കെപിസിസിയും ചില നേതാക്കളുമെത്തി. അന്‍പതോളം ജനറൽ സെക്രട്ടറിമാര്‍, 9 വൈസ് പ്രസിഡന്‍റുമാര്‍ ഒരു ട്രഷറര്‍. എന്നാൽ പുനസംഘടന ഇങ്ങനെ ഒതുക്കുന്നതിനോട് പ്രതിപക്ഷ നേതാവിന് യോജിപ്പില്ല.

പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത ഡിസിസി പ്രസിഡന്‍റുമാരെ മാറ്റിയേ മതികായൂവെന്നാണ് അദ്ദേഹത്തിന്‍റ നിലപാട്. ഡിസിസി തലപ്പത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നവര്‍ എത്തിയാലെ തെരഞ്ഞെടുപ്പുകളിൽ രക്ഷയുള്ളൂവെന്നാണ് അഭിപ്രായം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ നിലവിലുള്ളവരെ നിലനിര്‍ത്താം. പുതിയ പ്രസിഡന്‍റുമാരായതിനാൽ തൃശ്ശൂരിലും വയനാട്ടിലും മാറ്റം വേണ്ട. ബാക്കി എട്ടിടത്തും മാറ്റം വേണമെന്നാണ് ആവശ്യം. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ വേണ്ടെന്ന് മറുപക്ഷം. കെപിസിസി സെക്രട്ടറിമാരെയും നിയോഗിക്കണമെന്നും നേതൃതലത്തിൽ തന്നെ ശക്തമായ ആവശ്യമുണ്ട്. 80 -ഓളം കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാനും ഓരോ നിയോജക മണ്ഡലത്തിലും ചുമതല നൽകാനുമാണ് ആദ്യം ആലോചിച്ചിരുന്നത്. 

Related Articles

Back to top button