‘ഓപ്പറേഷൻ നംഖോർ’! ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഉടൻ വിട്ടുകൊടുക്കില്ല; വാഹന രേഖകളിൽ സംശയമെന്ന് കസ്റ്റംസ്

‘ഓപ്പറേഷൻ നംഖോറി’ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ആഢംബര വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ വിദേശ ഇറക്കുമതി രേഖകളിൽ സംശയമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന്, വിശദീകരണം നൽകാനായി ദുൽഖർ സൽമാനെ നേരിട്ട് വിളിപ്പിക്കാനും സാധ്യതയുണ്ട്.

വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ സൽമാൻ നൽകിയ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ദുൽഖർ അപേക്ഷ നൽകിയത്. നിലവിൽ അപേക്ഷയിൽ പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

ലാൻഡ് റോവർ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനം ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്തതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. എന്നാൽ, തെളിവില്ലാതെ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി കസ്റ്റംസിനോട് അഭിപ്രായപ്പെട്ടിരുന്നു.

രേഖകൾ പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും താത്കാലികമായി വിട്ടുനൽകണമെന്നും ആയിരുന്നു ദുൽഖർ സൽമാന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നൽകാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ വിദേശത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന സംശയത്തെ തുടർന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് രേഖകളിലെ സംശയത്തെ തുടർന്ന് വാഹനം വിട്ടു നൽകുന്നത് വൈകാൻ സാധ്യതയേറിയത്.

Related Articles

Back to top button