ഓപ്പറേഷൻ ബ്ലാക് ബോർഡ്; മാവേലിക്കരയിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ ആലപ്പുഴ ജില്ലയിലെ രണ്ട് ക്ലർക്കുമാർ കുടുങ്ങി

ആലപ്പുഴ: എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികൾ കണ്ടെത്താനായി ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ആലപ്പുഴ ജില്ലയിലെ രണ്ട് ക്ലർക്കുമാർ കുടുങ്ങി. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ആണ് കുടുങ്ങിയത്. ഇരുവരും എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഇവർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ കണ്ടെത്തൽ. ആലപ്പുഴ ഡി ഇ ഒ ഓഫീസിലെ ഒരു ക്ലർക്കിൻ്റെ അക്കൗണ്ടിലേക്ക് 1,40,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചു. കുട്ടനാട് ഡി ഇ ഒ ഓഫീസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലർക്കിൻ്റെ അക്കൗണ്ടിലേക്ക് 77,500 രൂപ യു പി ഐ ഇടപാട് വഴി കിട്ടി. എന്തിനാണ് പണം കൈമാറിയത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളു എന്ന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡി ഇ ഒ ഓഫീസുകൾ, ആർ ഡി ഡി ഓഫീസ് ചെങ്ങന്നൂർ, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് വി എച്ച് എസ് ഇ ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി കെ വി ബെന്നി, ഐ ഒ പി മാരായ പ്രശാന്ത്‌കുമാർ, ജിംസ്റ്റൽ, ഷൈജു ഇബ്രാഹിം, സജു എസ് ദാസ്, മനു എസ് നായർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ സംസ്ഥാനത്ത് വിജിലൻസ് നടത്തി വരുന്ന റെയ്‌ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എയ്ഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ അഴിമതികളാണ് നടക്കുന്നതെന്നാണ് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല കൈക്കൂലി വാങ്ങുന്നതിനായി ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തുന്നതായും കണ്ടെത്തി. കൂടാതെ ഭിന്നശേഷി സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ അധ്യാപന നിയമനം നടത്തിയെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. അധ്യാപക തസ്തിക നിലനിർത്താൻ മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകി. വിരമിച്ച ഉദ്യോഗസ്ഥർ അഴിമതിയ്ക്ക് ഇടനിലക്കാരാകുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (RJD), അസിസ്റ്റന്റ് ഡയറക്ടർ (AD), ജില്ലാ വിദ്യാഭ്യാസ ഓഫിസർ (DEO) എന്നീ ഓഫിസുകളിൽ വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയുടെ (VACB) നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിൽ ഇന്നലെ രാവിലെ 10:30 മുതലാണ് അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായുള്ള ഈ ഓപ്പറേഷൻ ആരംഭിച്ചത്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ തലങ്ങളിലെ ഉദ്യോഗസ്ഥ ഓഫിസുകളിൽ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം, സർവ്വീസ് വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വൻതോതിലുള്ള ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസിന് ഗുരുതരമായ വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനം, നിയമന ക്രമവത്ക്കരണം, പുതിയ തസ്തികകൾ സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളിൽ നിന്ന് ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റുന്നു. ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി, വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച ചില ഉദ്യോഗസ്ഥരെ ‘സർവീസ് കൺസൾട്ടന്റുമാർ’ എന്ന പേരിൽ സമീപിക്കാൻ ചില ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികളെ നിർബന്ധിക്കുന്നുണ്ട്. ഈ വിരമിച്ച ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഇടനിലക്കാരായി നിന്ന് വിദ്യാഭ്യാസ ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകുന്നതായും വിജിലൻസ് കണ്ടെത്തി.
എയ്‌ഡഡ് മേഖലയിലെ സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യമായി കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്. ഭൂരിഭാഗം അപേക്ഷകളും പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നു. ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കാറുള്ളൂ എന്ന വിവരവും പുറത്തുവന്നു.



