കരഞ്ഞ് കണ്ണുകലങ്ങി ശ്രീശാന്ത്.. ഹര്‍ഭജന്‍ സിംഗ് തല്ലിയ വിവാദ വീഡിയോ പുറത്ത്.. ‘അയാള്‍ മനുഷ്യനല്ല’…
ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്കിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഭാര്യ. 2008ലെ ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയ സംഭവത്തിന്റെ മുന്‍പ് കാണാത്ത വീഡിയോ പുറത്തുവിട്ടതിനെതിരെയാണ് ഭാര്യ രംഗത്തുവന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഏറെ മുന്നോട്ടുപോയെന്ന് പറഞ്ഞ ഭുവനേശ്വരി 2008ല്‍ നടന്ന ഒരു കാര്യത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത് വൃത്തികെട്ടതും ഹൃദയശൂന്യവും മനുഷ്യത്വ രഹിതവുമാണെന്ന് പറഞ്ഞു.
മൈക്കല്‍ ക്ലാര്‍ക്കുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ്, ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയ വിഡിയോ ലളിത് മോദി പുറത്തുവിട്ടത്. ആരും കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിടുന്നു എന്നായിരുന്നു ലളിത് മോദിയുടെ അവകാശവാദം. ശ്രീശാന്തും ഹര്‍ഭജന്‍ സിങ്ങും ക്രിക്കറ്റ് വിട്ട് ഒരുപാടു മുന്നോട്ടുപോയിക്കഴിഞ്ഞു. അവര്‍ക്കിപ്പോള്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുണ്ട്. ഇപ്പോഴും പഴയ വേദനകളിലേക്ക് അവരെ എത്തിക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നതെന്നും ഭുവനേശ്വരി പറഞ്ഞു.
മത്സരത്തിന് ശേഷം കളിക്കാര്‍ തമ്മില്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് ഹര്‍ഭജന്‍ കവിളത്ത് അടിച്ചതെന്നും ലളിത് മോദി വ്യക്തമാക്കി. സംഭവത്തിനുശേഷം ശ്രീശാന്ത് കരയുന്നതിന്‍റെയും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിരുന്നെങ്കിലും ഹര്‍ഭജന്‍ കരണത്തടിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.