മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് മാത്രം.. ബി.ജെ.പിയും കോൺഗ്രസും ഓരോ സീറ്റ് വീതം വിജയിക്കാനുളള സാഹചര്യം

മാവേലിക്കര – ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച ശേഷം ഇതുവരെ എൽ.ഡി.എഫ് മാത്രം ഭരിച്ചിട്ടുളള മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം ഇത്തവണ പിടിച്ചെടുക്കാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. തെക്കേക്കര,  ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ 6 ബ്ലോക്ക് ഡിവിഷനുകളാണ് ഉള്ളത്. ഇതിൽ ആറിടത്തും കഴിഞ്ഞ തവണ വിജയിച്ചത്  എൽ.ഡി.എഫ് ആണ്. എന്നാൽ ഇത്തവണ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സീറ്റ് വീതം വിജയിക്കാനുളള സാഹചര്യമുണ്ട്. 

പുത്തൻകുളങ്ങര
സി.പിഎം ജില്ലാ കമ്മറ്റി അംഗം കെ.മധുസൂദനൻ ആണ് മത്സരിക്കുന്നത്. പാർട്ടി ഏരിയാ സെക്രട്ടറി, തെക്കേക്കര പഞ്ചായത്ത്  വൈസ് പ്രസിഡന്റ്, പൊന്നേഴ സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ്, ഏ.ആർ സ്മരകസമിതി പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനമാനങ്ങൾ വഹിക്കുന്നു. എൽ.ഡി.എഫ് അധികാരം നേടിയാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ള ആദ്യ പേരുകാരനും മധുസൂദനൻ ആണ്. സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീനാഥ് ആണ് എതിർ സ്ഥാനാർത്ഥി. സി.പി.എം പാനലിൽ കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായി വിജയിച്ചിരുന്നു.  ചെറുപ്പക്കാരനായ  മുരളീകൃഷ്ണൻ ആണ് ബി.ജെ.പി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുരളീകൃഷ്ണൻ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.

കുറത്തികാട് 
സി.പി.എമ്മിലെ ശ്രീജിത്തും ബി.ജെ.പിയിലെ വിനീത് ചന്ദ്രനും നേർക്കുനേർ ഏറ്റുമുട്ടുന്ന കുറത്തികാട് ഡിവിഷനിൽ രണ്ട് പേരും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആയിരുന്ന വിനീത് ചന്ദ്രൻ ബി.ജെ.പിയിലെ ചില മണ്ഡലം നേതാക്കളുടെ സാമ്പത്തിക തിരിമറി ചൂണ്ടിക്കാട്ടി സ്ഥാനം രാജിവെച്ചിരുന്നു. സി.പി.എം, വിനീതിന്റെ  നടപടിയെ പിൻതുണക്കുകയും പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് വിനീതിനെ തിരിച്ച് ബി.ജെ.പിയിലേക്ക് എത്തിക്കുകയും സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു. സ്ഥാനാർത്ഥിയുടെ മഹത്വത്തെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ് പാർട്ടി. എന്നാൽ മുൻ പഞ്ചായത്ത് അംഗവും ബന്ധുബലത്തിലും സുഹൃത്ത് ബന്ധത്തിലും മുന്നിലുള്ള ശ്രീജിത്തിന് വിജയം ഉറപ്പാണെന്ന് സി.പി.എം വിലയിരുത്തുന്നു. ആഷിഷ് ആണ് ഇവിടെ യു.ഡി.ഫ്  സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആഷിഷ് നല്ല പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. 

പല്ലാരിമംഗലം 
തെക്കേക്കര പഞ്ചായത്തിലെ എ.ഡി.എസ് സെക്രട്ടറി തുളസിഭായി ആണ് എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി. പഞ്ചായത്തിലെ സജീവ സാന്നിധ്യമാണ് തുളസീഭായി. യു.ഡി.എഫിലെ അനീഷയാണ് പ്രധാന എതിരാളി. ബി.ജെ.പിയിൽ നിന്ന് താര, മത്സരരംഗത്ത് സജീവമാണ്. 

ഈരേഴ
സി.പി.എമ്മിലെ സിന്ധു ദിവാകരനും ബി.ജെ.പിയിലെ അഡ്വ.ഹേമയും തമ്മിൽ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്. യു.ഡി.എഫിലെ രാജമ്മ അരവിന്ദ് ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

ചെട്ടികുളങ്ങര
സി.പി.ഐയിലെ മീരാ വിനോദും യു.ഡി.എഫിലെ അനിതയും ബി.ജെ.പിയിലെ ജയയുമാണ് ചെട്ടികുളങ്ങര ക്ഷേത്രം ഉൾപ്പെടുന്ന ഡിവിഷനിലെ സ്ഥാനാർത്ഥികൾ. 

കരിപ്പുഴ
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ രാജൻ വീണ്ടും സി.പി.എം പാനലിൽ മത്സരിക്കുമ്പോൾ കോൺഗ്രസിലെ ശാന്തി ചന്ദ്രൻ അട്ടിമറി ശ്രമമാണ് നടത്തുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇവിടെ ബി.ജെ.പിയിലെ ദിവ്യയും ശക്തമായ പ്രചരണം കാഴ്ചവെക്കുന്നുണ്ട്. യു.ഡി.എഫിന് വിജയ പ്രതീക്ഷയുള്ള സീറ്റ് ആണ് കരിപ്പുഴ.

Related Articles

Back to top button