വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം… കുട്ടനാട്ടിൽ ‘പണമിടപാട്’ വിവാദം… യുഡിഎഫിനെതിരെ തോമസ് കെ. തോമസ്

ആലപ്പുഴ: വോട്ടെടുപ്പിന് തൊട്ടുമുമ്പായി കുട്ടനാട് മണ്ഡലത്തിൽ കടുത്ത ആരോപണങ്ങളുമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് കെ. തോമസ്. യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ വോട്ടർമാർക്ക് പരസ്യമായി പണം നൽകുന്നുവെന്നാണ് തോമസ് കെ. തോമസിന്റെ ആരോപണം. തൊഴിലുറപ്പ് സൈറ്റുകളിൽ എത്തിയാണ് റെജി ചെറിയാൻ പണം വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കും. അന്തസ്സുണ്ടെങ്കിൽ മത്സരിച്ച് ജയിക്കാൻ റെജി ചെറിയാൻ തയ്യാറാകണം. പിൻവാതിലിലൂടെ വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുൻപ് എൻസിപിയിലായിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയതിനെത്തുടർന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. അത്തരമൊരു വ്യക്തിയെ കുട്ടനാടിന് ആവശ്യമില്ല.
റെജി ചെറിയാനെ സ്ഥാനാർത്ഥിയാക്കിയത് പി.ജെ. ജോസഫിന്റെ പാർട്ടിക്കുള്ള പണത്തോടുള്ള ആർത്തി കാരണമാണെന്നും തോമസ് കെ. തോമസ് പരിഹസിച്ചു. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ആരോപണങ്ങൾ യുഡിഎഫ് തള്ളി.




