ഓൺലൈൻ ഷെയർ ട്രേഡിങ്…മാവേലിക്കരയിലെ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ…ഒരാൾ കൂടി പിടിയിൽ…
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ മാവേലിക്കര സ്വദേശിനിയിൽ നിന്നും 13.60 ലക്ഷം രൂപ തട്ടിയ സംഘത്തിലെ നാലാമത്തെയാളെയും സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂർ രണ്ടത്താണി സ്വദേശി ചെറുവാക്കത്ത് വീട്ടിൽ മുനീറാ(31)ണ് അറസ്റ്റിലായത്. പരാതിക്കാരി പണമയച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണിയാൾ. ഇയാൾക്കെതിരേ ആറു സംസ്ഥാനങ്ങളിൽ പരാതികളുണ്ട്. കേസിൽ പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരെയും മലപ്പുറം സ്വദേശിയെയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.
സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്സാപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുനടത്തിയത്. 2025 ഏപ്രിലിലാണ് റെന്റ് ഹൗസ് എന്ന യുഎസ് കന്പനിയുടെ പ്രതിനിധിയെന്ന പേരിൽ വാട്സാപ്പിലൂടെ പരാതിക്കാരിയെ ബന്ധപ്പെട്ടത്. ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപമായി പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു.