കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; ആക്രമണത്തിന് പിന്നിൽ സിപിഐഎം?

കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഓഫീസ് അടിച്ച് തകർത്തത് കൂടാതെ പ്രചാരണ ബോർഡുകൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ജില്ലയിലെ തന്നെ എരഞ്ഞോളി മഠത്തും ഭാഗത്തെ പ്രിയദർശിനി കോൺഗ്രസ് ഭവൻ അടിച്ചു തകർത്തിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം നടന്നത്. ഓഫീസിലെ ഫർണിച്ചറുകൾ പൂർണ്ണമായും തകർത്തു.
മേൽക്കൂരയുടെ ഓടുകളും തകർത്തിട്ടുണ്ട്. ഷട്ടർ തകർത്ത് അകത്തുകയറിയ അക്രമി സംഘം മഹാത്മാഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ഫോട്ടോകൾ പുറത്തെറിഞ്ഞ് നശിപ്പിക്കുകയും ഫർണിച്ചറുകൾ അടിച്ചുപൊളിച്ച് സമീപത്തെ തോട്ടിലേക്ക് തള്ളുകയും ചെയ്തു. കമ്പിപ്പാര ഉപയോഗിച്ചാണ് ഓഫീസിന്റെ ഷട്ടർ തകർത്തിരിക്കുന്നത്.
അക്രമത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് തലശേരി ബ്ലോക്ക് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ പറഞ്ഞു. എരഞ്ഞോളി പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. ചേനാടം വാർഡിൽ നിന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുശീൽ ചന്ദ്രോത്തും മഠത്തും ഭാഗം വാർഡിൽ നിന്ന് മണ്ഡലം പ്രസിഡന്റ് മനോജ് നാലാം കണ്ടത്തിലുമാണ് വിജയിച്ചത്. സിപിഐഎം വാർഡുകളാണ് ഇത്.
സംഭവവുമായി ബന്ധപ്പെട്ട് എരഞ്ഞോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും വാർഡ് മെംബറുമായ മനോജ് നാലാം കണ്ടത്തിൽ ധർമ്മടം പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം നാലിന് മഠത്തും ഭാഗത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.



