കേരളത്തിലേക്ക് സ്ഫോടകശേഖരം കടത്തിയ കേസ്: പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവറും പിടിയിൽ

തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്ന് തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവർ ദുരൈരാജ് ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിൻ്റെ പിടിയിലായത്. സ്ഫോടക ശേഖരം കൊണ്ടുവന്നത് ആർക്കുവേണ്ടി എന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല
കർണാടക – തമിഴ്നാട് അതിർത്തിയിലെ ധർമപുരി ജില്ലയിലെ ഹരൂരിൽ നിന്നാണ് കേരള അതിർത്തിയിലേക്ക് സ്ഫോടകശേഖരവുമായി മിനി ലോറി എത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച പെട്ടികൾ അടുക്കിവെച്ച് അതിന് മുകളിൽ പഴങ്ങളോ പച്ചക്കറികളോ കയറ്റി ഒളിപ്പിക്കുകയായിരുന്നു. അതിർത്തി കടക്കും മുൻപ് ഒന്നിൽ കൂടുതൽ ഡ്രൈവർമാർ മാറി മാറിയാണ് വാഹനം ഓടിച്ചിരുന്നത്. മൊബൈൽ ഫോണിൽ ലഭിക്കുന്ന നിർദേശാനുസരണം ഡ്രൈവർമാർ ഒഴിഞ്ഞ സ്ഥലത്തു വാഹനം പാർക്ക് ചെയ്ത് താക്കോൽ വാഹനത്തിൽ വെച്ചു മടങ്ങും. അവിടെ നിന്നും മറ്റൊരു ഡ്രൈവർ കയറും. പൊലീസ് പിടിച്ചാലും സ്ഫോടക വസ്തുക്കൾ എവിടെ നിന്നു കൊണ്ടുവരുന്നുവെന്നൊ എവിടേക്കു കൊണ്ടു പോകുന്നെന്നോ ഡ്രൈവർമാരിൽ നിന്ന് അറിയാതിരിക്കാനാണിത്



