അതീവ ജാഗ്രത, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം….
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ സ്വദേശിയായ 13 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പത്തായി ഉയർന്നു. ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ നാല് കുട്ടികളും ഉൾപ്പെടും.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നും വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. അബോധാവസ്ഥയിലായിരുന്ന റഹീം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. റഹീമിന്റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.