എടിഎം ഉപയോഗിക്കുന്നവരാണോ? പണം പിൻവലിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ഇതാണ്
യുപിഐ, ക്രെഡിറ്റ് കാർഡുകൾ എന്നിവ കൂടുതൽ ജനപ്രിയമായതോടെ മിക്ക ആളുകളും കയ്യിൽ പണം കരുതുന്നത് വളരെ കുറവാണ്. ഇനി അവശ്യഘട്ടങ്ങളിൽ എടിഎമ്മിൽ നിന്നും പിൻവലിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എടിഎം സുരക്ഷിതമായി ഉപയോഗിക്കുന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സാധാരണയായി എടിഎം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
പണം പിൻവലിക്കുമ്പോൾ സാധാരണയായി ആളുകൾ മുൻകരുതലുകൾ എടുക്കാറുണ്ട് – കീപാഡ് മറയ്ക്കുക, സ്ക്രീൻ മറയ്ക്കുക, ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവ ചെയ്യുമ്പോൾ പിൻ നമ്പർ, ഇടപാട് തുക തുടങ്ങിയ വിവരങ്ങൾ ചോരില്ല.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന അബദ്ധം
പണം പിൻവലിക്കുന്ന സമയത്ത്, രസീത് വേണോ എന്ന് മെഷീൻ ചോദിക്കാറുണ്ട്. പല ഉപയോക്താക്കളും “അതെ” അമർത്തി ആ രസീത് കൈപറ്റാറുമുണ്ട്. എന്നാൽ ഇത് പിന്നീട് എന്തുചെയ്യുന്നു? എടിഎം രസീതുകളിൽ ഉപയോക്താവിന്റെ പിൻ നമ്പറോ കാർഡ് നമ്പറോ പൂർണ്ണമായി ഇല്ലെങ്കിൽ പോലും മറ്റു പല വിവരങ്ങളും ഉണ്ട്. അതായത്, അക്കൗണ്ട് ബാലൻസ്, ഇടപാട് സമയവും തീയതിയും എല്ലാം ഉണ്ട്. ഇത് വലിയ അപകടമല്ലെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി, തട്ടിപ്പുകാർ ഇത് അവർക്ക് വേണ്ട രീതിയിൽ ഉപയോഗിക്കും. ഈ വിവരങ്ങൾ വെച്ച് ബാങ്കിൽ നിന്നെന്ന വ്യാജേന ഉപയോക്താക്കളെ ബന്ധപ്പെട്ടേക്കാം.
എടിഎം എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
ഇടപാടിന്റെ പ്രിന്റ് ചെയ്ത രസീതുകൾ വാങ്ങാതിരിക്കുക.
ഇനി ആവശ്യമായി വന്നാൽ അത് അലസമായി വലിച്ചെറിയാതിരിക്കുക. ഉപേക്ഷിക്കുകയാണെങ്കിൽ അത് കീറുക.
ബാങ്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന അനാവശ്യ കോളുകൾക്കെതിരെ ജാഗ്രത പാലിക്കുക