ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം

ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന പുതിയ മാറ്റങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ബുക്ക് ചെയ്ത സീറ്റുകളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സീറ്റ് അലോക്കേഷൻ സംവിധാനത്തിലാണ് പ്രധാന പരിഷ്കാരം വരുത്തുന്നത്.

ഇതുവരെ നിലവിലുണ്ടായിരുന്ന രീതി പ്രകാരം, യാത്രക്കാരൻ ബോർഡിങ് സ്റ്റേഷനിൽ ട്രെയിനിൽ കയറിയില്ലെങ്കിലും ടിടിഇ അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കുകയായിരുന്നു. അവിടെ നിന്നും യാത്രക്കാരൻ എത്തിയില്ലെങ്കിൽ മാത്രമാണ് ആ സീറ്റ് വെയിറ്റിങ് ലിസ്റ്റിലോ RAC ടിക്കറ്റിലോ ഉള്ളവർക്ക് നൽകുന്നത്. ഈ ഇടവേള കാരണം പലപ്പോഴും സീറ്റുകൾ ദീർഘസമയം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

എന്നാൽ പുതിയ തീരുമാനപ്രകാരം, ബോർഡിങ് സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻ കൃത്യസമയത്ത് ട്രെയിനിൽ കയറിയില്ലെന്ന് വ്യക്തമായാൽ ടിടിഇ ഇനി അടുത്ത സ്റ്റേഷൻ വരെ കാത്തിരിക്കില്ല. ആ സീറ്റ് ഉടൻ തന്നെ ‘Not Turned Up’ എന്ന് രേഖപ്പെടുത്തി, വെയിറ്റിങ് ലിസ്റ്റിലോ RAC വിഭാഗത്തിലോ ഉള്ള മറ്റൊരു യാത്രക്കാരന് അനുവദിക്കും.

പ്രധാനമായ മറ്റൊരു മാറ്റം, സീറ്റ് മറ്റൊരാൾക്ക് നൽകിയ വിവരം നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാരന്റെ മൊബൈൽ നമ്പറിലേക്ക് സന്ദേശമായി ലഭിക്കും എന്നതാണ്. ഇതോടെ ടിടിഇയെ തേടി അന്വേഷിക്കേണ്ട സാഹചര്യം ഒഴിവാകും.

ട്രെയിനുകളിൽ ശരാശരി മൂന്ന് മുതൽ അഞ്ച് ശതമാനം വരെ സീറ്റുകൾ ഉപയോഗിക്കപ്പെടാതെ പോകുന്നുണ്ടെന്ന് റെയിൽവേയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബോർഡിങ് സ്റ്റേഷനിലെത്താൻ കഴിയാത്ത യാത്രക്കാർ മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നത്. പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഇത്തരം ഒഴിവുകൾ കുറച്ച്, ആവശ്യക്കാരായ യാത്രക്കാർക്ക് സീറ്റുകൾ വേഗത്തിൽ ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷ.
റെയിൽവേയുടെ ഡിജിറ്റൽ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ തീരുമാനം. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതോടൊപ്പം ട്രെയിനിലെ ക്രമക്കേടുകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

Related Articles

Back to top button