ഷാരൂഖിന്റെ നാവരിയുന്നവർക്ക് ഒരു ലക്ഷം…സ്വത്തുക്കൾ കണ്ടുകെട്ടി നാടുകടത്തണം …

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂർ പ്രഖ്യാപിച്ചു.ബംഗ്ലാദേശ് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട തർക്കം ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെയുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാനെ സ്വന്തമാക്കിയതാണ് പ്രതിഷേധക്കാർക്കിടയിൽ അമർഷമുണ്ടാക്കിയത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുമ്പോൾ അവിടുത്തെ താരത്തെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് മീര താക്കൂർ പറഞ്ഞു. ഷാരൂഖിന്റെ പോസ്റ്ററുകൾ നശിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. ബിജെപി നേതാവ് സംഗീത് സോം ഷാരൂഖിനെ ‘രാജദ്രോഹി’ എന്ന് വിളിക്കുകയും അദ്ദേഹം രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.അയോധ്യയുൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രമുഖ സന്യാസിമാരും ഷാരൂഖിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് താരങ്ങൾ അവരുടെ നാട്ടിലെ ഹിന്ദുക്കളുടെ സുരക്ഷാ പ്രശ്നം ഉന്നയിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന് വ്യക്തിത്വമില്ലെന്നും അദ്ദേഹം ഒരു വീരനല്ലെന്നും വിമർശിച്ചു. ജനങ്ങളുടെ വികാരങ്ങൾ മാനിക്കാൻ താരം തയ്യാറാകണമെന്ന് അഖാഡ പരിഷത്ത് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.ഷാരൂഖ് ഖാന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും അദ്ദേഹത്തെ ബംഗ്ലാദേശിലേക്ക് നാടുകടത്തണമെന്നും ആവശ്യപ്പെട്ട് ദിനേശ് ഫലാരി മഹാരാജ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സ്പോർട്സ് മേഖലയിലെ താര കൈമാറ്റം വലിയ രാഷ്ട്രീയ-സാമുദായിക ചർച്ചകൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.




