വിവാഹ ചടങ്ങിനിടെ കാപ്പി മെഷീൻ പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മറ്റൊരാൾക്ക്…

വിവാഹ ചടങ്ങിനിടെ കാപ്പി മെഷീൻ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിലെ മദൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബറുവ പെഹ്ന ഗ്രാമത്തിൽ വിവാഹ പാർട്ടിയിൽ കാപ്പി ഉണ്ടാക്കുകയായിരുന്നു സുനിൽ (30) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി അദ്ദേഹത്തിന്റെ കാപ്പി മെഷീൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) ദേവേന്ദ്ര കുമാർ പറഞ്ഞു.
സുനിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, സമീപത്ത് നിന്നിരുന്ന സച്ചിൻ എന്ന മറ്റൊരാളും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജഹാൻപൂരിൽ വെച്ച് നടന്ന കല്യാണ പരിപാടിയിലാണ് അപകടം നടന്നത്. വരനും അതിഥികളും വരുന്നത് കാത്തു നിൽക്കുന്നതിടെ രാത്രി ഒമ്പത് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു.
അപകടം നടക്കുന്ന സമയത്ത് അതിഥികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിളമ്പുകയായിരുന്ന സുനിൽ കുമാറിനെ പ്രാദേശിക കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹായി സച്ചിൻ കുമാർ ബറേലി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.



