തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിൽ ആദ്യം, ആകാശത്ത് ദൃശ്യവിസ്മയമൊരുക്കാൻ 1000 ഡ്രോണുകൾ, വർണ്ണാഭമായ ലൈറ്റ് ഷോ ഇന്ന് മുതൽ
ഓണാഘോഷങ്ങൾക്ക് പുതിയൊരു മാനം നൽകിക്കൊണ്ട് തലസ്ഥാന നഗരിയിൽ വർണ്ണാഭമായ ഡ്രോൺ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം നടക്കുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തുടക്കമാവും. 5, 6, 7 തീയതികളിൽ രാത്രി 8.45 മുതൽ 9.15 വരെയാണ് തിരുവനന്തപുരത്തിന്റെ ആകാശത്ത് 2D, 3D രൂപങ്ങളിൽ ഓണത്തിന്റെ സാംസ്കാരിക തനിമയും നവകേരളത്തിന്റെ വികസന സ്വപ്നങ്ങളും ചേർത്ത് ഡ്രോൺ വെളിച്ചത്തിൽ വിസ്മയം തീർക്കുന്നത്.
1000 ഡ്രോണുകളാണ് ഷോയിൽ അണിനിരക്കുന്നത്. കിലോമീറ്ററുകൾ അകലെ നിന്ന് പോലും കാണാനാകുന്നതിനാൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഈ ആകാശ വിസ്മയത്തിന് സാക്ഷിയാകാം. മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്ന പാളയത്തെ പള്ളി, അമ്പലം, മോസ്‌ക് എന്നിവയുടെ ആകാശത്തിന് മുകളിലൂടെയാകും ഈ വർണ്ണക്കാഴ്ച ഒരുങ്ങുക എന്നതാണ്. ഇത് സ്നേഹത്തിന്റെയും ഒരുമയുടെയും ഏറ്റവും മനോഹരമായ ആകാശകാഴ്ചയായി മാറും.
ഓണത്തിന്റെ യഥാർത്ഥ സന്ദേശം ആകാശത്ത് ഉയർത്തിപ്പിടിക്കുന്ന ഈ ഡ്രോൺ ഷോ, തിരുവനന്തപുരത്തെ ജനങ്ങൾക്കും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഗോള മുന്‍നിര ഡ്രോ ണ്‍ ടെക്നോളജി കമ്പനിയായ ബോട്ട് ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതിഭവനില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങിനായി 1000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്റെ റെക്കോഡുള്ള കമ്പനിയാണ് ബോട്ട് ലാബ്.