ഓണം ബമ്പർ വിജയി ഇന്ന് ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയേക്കും… ഭാഗ്യശാലിയെ ഇന്നറിയാനാകും?

തിരുവോണം ബമ്പർ ഭാഗ്യക്കുറിയടിച്ചത് ആർക്കെന്ന കാര്യത്തിലെ സസ്‌പെൻസ് ഇന്നെങ്കിലും തീരുമോ?. കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 25 കോടി ബമ്പറടിച്ചയാളെ ഇന്നറിയാനാകുമെന്നാണ് പുറത്തുവരുന്ന വിവരം. നെട്ടൂർ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. വീട്ടുജോലിക്കുൾപ്പെടെ പോകുന്ന ആളാണിവരെന്നും ഏജന്റ് ലതീഷ് പറഞ്ഞിരുന്നു. ടിക്കറ്റ് ഇവരിന്ന് ബാങ്കിൽ നൽകിയേക്കും. ഫലം വന്ന ദിവസം രണ്ടുതവണ ഇവർ കടയിൽ വന്നിരുന്നുവെന്നും മാധ്യമപ്രവർത്തകരെപ്പോഴാണ് പോവുകയെന്നും തിരക്കിയിരുന്നുവെന്നും വിവരമുണ്ട്. ബമ്പർ അടിച്ചെന്ന് സംശയിക്കുന്ന സ്ത്രീ ജോലിചെയ്യുന്നത് ചന്തിരൂരുള്ള ചെമ്മീൻ ഫാക്ടറിയിലാണ്. തിങ്കളാഴ്ച കമ്പനിയിൽ ജോലിക്കെത്തുമ്പോൾ അവർ സമ്മാനാർഹമായ ടിക്കറ്റ് ചന്തിരൂരിലെ ബാങ്കിൽ ഹാജരാക്കുമെന്നും സൂചനയുണ്ട്.

ചിലരോട് ലോട്ടറി അടിച്ച കാര്യം ഇവർ സമ്മതിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ഇതേത്തുടർന്ന് ഏജന്റിന്‌റെ സുഹൃത്തുക്കൾ ചെന്നപ്പോൾ വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയിരുന്നു.

നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ഠഒ 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പർ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷൻ ഇനത്തിൽ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂർ വിട്ട് പോകാൻ സാധ്യതയില്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുൻപാണ് ലതീഷിന്റെ കടയിൽ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടി.

Related Articles

Back to top button