ബൈക്ക് മോഷണം ആരോപിച്ച് മർദ്ദനമേറ്റെന്ന് യുവാവ്..കയ്യിൽ കുപ്പിച്ചില്ലുമായി ഇരുനിലക്കെട്ടിടത്തിലേക്ക് ഓടിക്കയറിയ യുവാവ്…
ബൈക്ക് മോഷണം ആരോപിച്ച് മർദിച്ചതിനെ തുടർന്ന് കോഴിക്കോട് ബീച്ച് പരിസരത്ത് യുവാവിൻ്റെ ആത്മഹത്യാ ശ്രമം. കൊടമ്പ്ര സ്വദേശിയായ റോഷനാണ് ബീച്ചിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത്. പോലീസും അഗ്നിശമന സേനാംഗങ്ങളും നടത്തിയ സമയോചിത ഇടപെടലിനൊടുവിൽ ഒരു മണിക്കൂറിന് ശേഷം ഇയാളെ താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റി
ബൈക്ക് മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം തന്നെ മർദിച്ചെന്നാണ് റോഷൻ്റെ പരാതി. ബീച്ചിൽ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെയാണ് കയ്യിൽ കുപ്പിച്ചില്ലുമായി റോഷൻ ഇരുനിലക്കെട്ടിടത്തിലേക്ക് ഓടിക്കയറിയത്. തന്നെ ആക്രമിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവാവിൻ്റെ ഭീഷണി. ഇതിനിടെ, റോഷൻ കയ്യിലുണ്ടായിരുന്ന കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ആത്മഹത്യാ ശ്രമത്തിനിടെ റോഷൻ അമ്മയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയിരുന്നു.
ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിലാണ് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് റോഷനെ താഴെയിറക്കിയത്. മർദിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന ഉറപ്പ് പോലീസ് യുവാവിന് നൽകിയതിനെ തുടർന്നാണ് ഇയാൾ പിന്മാറാൻ തയ്യാറായത്. കുപ്പിച്ചില്ലുകൊണ്ട് കഴുത്തിൽ മുറിവേറ്റ റോഷനെ ഉടൻ തന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു