എലിവേറ്റഡ് ഹൈവേയുടെ 325-ാം നമ്പർ പില്ലറിന് താഴെ 3 പേർ.. ആലപ്പുഴയിൽ സ്റ്റോർ കുത്തിത്തുറന്ന് കവർന്നത്…
ആലപ്പുഴ: ദേശീയപാത 66-ന്‍റെ ഭാഗമായി ആലപ്പുഴയിൽ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി കൊണ്ടുവന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. മേൽപ്പാലത്തിന്‍റെ ഓരോ തൂണിന്റെയും അടുത്ത് ഇറക്കി വെച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളാണ് കുടുങ്ങിയത്. കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡിൽ ലാൽഭവനം വീട്ടിൽ ലിബിൻ ( 34), കുത്തിയതോട് കായിപ്പുറത്ത് വീട്ടിൽ ഷൈജു (44), കുത്തിയതോട് ആൾക്കുന്നേൽ വീട്ടിൽ ബിനീഷ് ( 38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ പത്തൊമ്പതാം തീയതി പുലർച്ചെയാണ് മോഷണം നടന്നത്. അശോക് ബിൽഡ് കോൺ കമ്പനിയുടെ, ആലപ്പുഴ എൻ.സി.സി ജംഗ്ഷന് സമീപമുള്ള 325-ാം നമ്പർ പില്ലറിന്റെ സമീപമുള്ള സ്റ്റോർ കുത്തിത്തുറന്നാണ് ഒരുലക്ഷം രൂപ വിലയുള്ള നിർമ്മാണ സാമഗ്രികൾ പ്രതികൾ മോഷ്ടിച്ചത്. ഇവ പിന്നീട് ഇവർ വിറ്റ് കാശാക്കി. പ്രതികൾ മോഷ്ടിച്ചെടുത്ത സാമഗ്രികൾ സ്റ്റേഷൻ പരിധിയിലെ ആക്രികടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തിൽ പൊലീസ് സബ്ബ് ഇൻസ്പെക്ടർ, രാജീവ്, സലി, സിവിൽ പോലീസ് ഓഫീസർ മനേഷ് കെ ദാസ് വിജേഷ്, സാജൻ, വിഷ്ണു ശങ്കർഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു