യാത്രക്കാരോട് മോശം പെരുമാറ്റം; ഒളവണ്ണ ടോള്‍ പ്ലാസ സൂപ്പര്‍വൈസര്‍ക്ക് സസ്‌പെന്‍ഷന്‍

യാത്രക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് കോഴിക്കോട് ഒളവണ്ണ ടോള്‍ പ്ലാസയിലെ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു. മോശമായി പെരുമാറിയെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ അതോറിറ്റിയുടേതാണ് നടപടി. സംഭവം പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ജീവനക്കാരന്‍ യാത്രക്കാരോട് മോശമായി പെരുമാറിയത്. സംഭവത്തില്‍ ഇടപെട്ട മന്ത്രി പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റിയോട് അടിയന്തരമായി സംസാരിക്കാന്‍ പിഡബ്ല്യുഡി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ടോള്‍ പിരിവ് സ്ഥാനപത്തിലെ സൂപ്പര്‍വൈസര്‍ പുഷ്‌പേന്ദ്ര ബേറയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ടോള്‍ പ്ലാസ ജീവനക്കാര്‍ മോശമായി പെരുമാറുന്നതായി നിരവധി യാത്രക്കാര്‍ ആരോപിച്ചിട്ടുണ്ട്.



