മെഷീന്‍ കോഫി കുടിക്കുന്നവരാണോ?.. എങ്കിൽ സൂക്ഷിച്ചോളൂ.. കൊളസ്ട്രോൾ വരാനുള്ള സാധ്യത കൂടുതൽ….
ജോലിക്കിടെ ചെറിയൊരു കപ്പ് കാപ്പി കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ന് മിക്ക ഓഫീസുകളിലും മെഷീൻ കോഫി ഉപയോഗിക്കുന്നുണ്ട്.ഒരുദിവസം മെഷീനിൽ നിന്നും അഞ്ചും ആറും കോഫി കുടിക്കുന്നുവരുമുണ്ട്. എങ്കിൽ ഈ ശീലം നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.
ഇത്തരം മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്ട്രോളിന്‍റെ അളവു വര്‍ധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോള്‍, കഹ്വിയോള്‍ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പികളില്‍ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്‌സാല സര്‍വകലാശാലയിലെയും ചാല്‍വേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എല്ലത്തരം കാപ്പികളും ഒരുപോലെയല്ല. ഫില്‍റ്റര്‍ ചെയ്യാത്ത കാപ്പി കൊളസ്‌ട്രോള്‍ അളവു കൂട്ടും.കോഫി മെഷീനില്‍ ഉണ്ടാക്കുന്ന കാപ്പിയില്‍ കടലാസില്‍ ഫില്‍ട്ടര്‍ ചെയ്യുന്ന കാപ്പിയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന സംയുക്തങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.14 വ്യത്യസ്ത ഓഫീസ് മെഷീനുകളില്‍ നിന്നുള്ള കാപ്പികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇത്തരം കാപ്പികളില്‍ കഫെസ്റ്റോള്‍, കഹ്വിയോള്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സാധാരണയായി, പേപ്പർ ഫിൽട്ടറുകൾ ഈ പദാർത്ഥങ്ങളെ ഫില്‍ട്ടര്‍ ചെയ്തെടുക്കുന്നു. എന്നാല്‍ മെഷീനില്‍ അല്ലെങ്കില്‍ ബ്രൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ഫിൽട്ടറുകൾ അവയെ ഫില്‍ട്ടര്‍ ചെയ്യാതെ കടത്തിവിടുകയും നിങ്ങളുടെ കാപ്പില്‍ അവയുടെ സാന്ദ്രത കൂടുകയും ചെയ്യുന്നു.