ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തടസം, പ്രതീക്ഷയോടെ കുടുംബം

ഖസാക്കിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി മിലിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാങ്കേതിക തടസം. രേഖകൾ ശരിയാക്കുന്നതിലെ കാലതാമസമാണ് പ്രതിസന്ധി. ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കേന്ദ്രമന്ത്രിക്കും കത്തെഴുതി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം.
ഖസാക്കിസ്ഥാനിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു മിലി മോഹൻ. വിദ്യാഭ്യാസ ലോൺ എടുത്താണ് പഠിക്കാൻ വിദേശത്ത് പോയത്. കഴിഞ്ഞ ഓണത്തിനാണ് മിലി അവസാനമായി നാട്ടിലെത്തിയത്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ രണ്ടു സഹോദരങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു 25 കാരിയായ മിലിയുടെ ആഗ്രഹം. കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു മിലി സഞ്ചരിച്ച വാഹനം അപകടത്തിൻ പെട്ടത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും സുഹൃത്തുക്കൾക്കോ, സഹപാഠികൾക്കോ മൃതദേഹം കാണാൻ പോലും പറ്റിയിട്ടില്ല. മൃതദേഹം വിട്ടുകിട്ടാൻ രക്തബന്ധത്തിലുള്ളവർ വരണമെന്നാണ് ഖസാക്കിസ്ഥാനിലെ നിയമം. ഇതോടെ മലയാളി അസോസിയേഷനും, കോളേജ് അധിക്യതരും , സഹപാഠികളും നടത്തുന്ന ശ്രമവും പരാജയപ്പെട്ടു.




