ലൈം​ഗിക പീഡന പരാതി.. ഐടി വ്യവസായി വേണു​ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം…

ലൈം​ഗിക പീഡന പരാതിയിൽ ഐടി വ്യവസായി വേണു​ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ​ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസിൽ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ കേസിൽ കുടുക്കുക ആയിരുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

തുടർന്ന് യുവതിയുടെ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ് സെവൻ ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

ഗുരുതര ആരോപണമാണ് യുവതി ഉയർത്തിയത്. വേണു ഗോപാലകൃഷ്ണൻ തൊഴിലിടത്തിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് അടക്കം യുവതി പരാതി നൽകി. യുവതിയുടെ മൊഴിയെടുത്ത ഇൻഫോപാർക്ക് പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. എന്നാൽ പണം തട്ടാനുള്ള ശ്രമം പാളിയതിനെ തുടർന്നാണ് സിഈഒ ക്കും കമ്പനിക്കുമെതിരെ യുവതി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് വേണു ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

Related Articles

Back to top button