‘എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിച്ചു’..

എൻഎസ്എസ് – എസ്എൻഡിപി ഐക്യ പിൻമാറ്റത്തിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്ന് പറഞ്ഞ സുകുമാരൻ നായർ, പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം.

വെള്ളാപ്പള്ളിക്കെതിരായ വിമർശനങ്ങളെ എതിർത്ത് അദ്ദേഹത്തെ പിന്തുണച്ചപ്പോഴാണ് വെള്ളാപ്പള്ളി ഫോണിൽ സംസാരിച്ചത്. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. പിന്നാലെ തുഷാറും വിളിച്ചു. മൂന്ന് ദിവസത്തിനകം വരാം എന്നാണ് പറഞ്ഞത്. എന്തിനാണ് അത്രയും ദിവസം കാത്തിരിക്കുന്നത്. തുഷാറിനെ തിരിച്ച് വിളിച്ച് താങ്കൾ എൻഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. നിങ്ങൾക്ക് എങ്ങനെ ഐക്യ ചർച്ചയ്ക്ക് സാധ്യമാകും എന്ന് തുഷാറിനോട് ചോദിച്ചു. ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ഡയറക്ടർ ബോർഡ്‌ വേഗം വിളിച്ചു ചേർത്തത് ഞാൻ തന്നെയാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണക്കുകയായിരുന്നു. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മഭൂഷൻ അവാർഡ് കിട്ടിയത്തിൽ ആക്ഷേപം ഒന്നും ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ. അതിൽ ഒന്നും താല്പര്യമുള്ള ആൾ അല്ല ഞാനെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. എൻഎസ്എസ് – എസ്എൻഡിപി ഐക്യത്തിൻറെ വാതിൽ പൂർണമായി അടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button