ശ്രദ്ധിക്കുക…ഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍.. പിന്‍ നമ്പര്‍ വേണ്ട…
രാജ്യത്തെ പണമിടപാടുകാർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ പുതിയ സംവിധാനം വരുന്നു. ഒക്ടോബര്‍ 8 മുതല്‍ യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ സാധിക്കും. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും സ്ഥിരീകരണം നടത്തുകയെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾ ഒരു ന്യൂമെറിക് പിൻ (PIN) നൽകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതിൽ നിന്നുള്ള സുപ്രധാന മാറ്റമാണ് പുതിയ സംവിധാനം.
മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് എൻപിസിഐ യുപിഐ പേയ്‌മെന്‍റുകൾക്കുള്ള ബയോമെട്രിക് ഓതന്‍റിക്കേഷൻ അവതരിപ്പിച്ചത്. എൻപിസിഐ അവതരിപ്പിച്ച ഈ പുതിയ സവിശേഷത ബയോമെട്രിക് പരിശോധനയിലൂടെയാണ് പ്രവർത്തിക്കുന്നത്. ബയോമെട്രിക് സംവിധാനം അവതരിപ്പിച്ചതോടെ യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ ഉപയോക്താക്കൾക്ക് ഇനി പിൻ നമ്പർ നൽകേണ്ടിവരില്ല.
പുതിയ ഓതൻ്റിക്കേഷൻ രീതിക്കായി സർക്കാരിൻ്റെ ആധാർ സംവിധാനത്തിൽ സംഭരിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റയായിരിക്കും ഉപയോഗിക്കുക. ഡിജിറ്റൽ പേയ്‌മെൻ്റുകൾക്കായി മറ്റ് അംഗീകൃത മാർഗ്ഗങ്ങൾ അനുവദിച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം. യുപിഐ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതമായും സൗകര്യപ്രദമായും നടത്താൻ ഇത് ലക്ഷ്യമിടുന്നു.ബയോമെട്രിക് ഓതൻ്റിക്കേഷൻ വരുന്നതോടെ സുരക്ഷാ നിലവാരം നിലനിർത്തിക്കൊണ്ട് തന്നെ ഉപയോക്താക്കളുടെ സൗകര്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, എൻപിസിഐ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.