കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ സംഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ..
പൊലീസ് കസ്റ്റഡിയിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. റൂറൽ ഹെഡ്ക്വാട്ടേഴ്‌സിലെ സീനിയർ സിപിഒ ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം സ്വദേശി എ ബാബു ചാടിപ്പോയത്. ഇതിന് ശേഷം കണ്ണൂർ എളമ്പേറ്റിൽ നിന്ന് ഇയാൾ പിടിയിലാവുകയും ചെയ്തിരുന്നു.
സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളിൽ പ്രതിയാണ് തീവെട്ടി ബാബു. പയ്യന്നൂരിൽ നിന്ന് മോഷണക്കേസിൽ പിടികൂടിയ ബാബുവിനെ ആരോഗ്യാവസ്ഥ മോശമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്. ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെ തെക്കൻജില്ലകളിലും കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി മോഷണം കേസുകളിൽ ഇയാൾ പ്രതിയാണ്.