കഞ്ചാവ് കടത്ത്, അടിപിടി, ഭീഷണി, ഒടുവിൽ വീട് കയറി ആക്രമണവും.. 10 കേസുകളിൽ പ്രതി, 35 കാരൻ അറസ്റ്റിൽ..

വീടുകയറി ആക്രമണം നടത്തിയ കേസിൽ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം വയൽ പാലം സ്വദേശി പണിക്കവീട്ടിൽ ഷാഹിദ്(35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17 ന് പുലർച്ചെ 1.30 നാണ് കേസിനാസ്പദമായ സംഭവം. തളിക്കുളം കൊപ്രക്കളം നസീബ് ഓഡിറ്റോറിയത്തിന് സമീപം അറക്കവീട്ടിൽ നവാസിന്‍റെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി, നവാസിനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഷാഹിദ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 20.5 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലും വലപ്പാട്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ 2 അടിപിടിക്കേസുകളിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ 2 കേസിലും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ 1 കേസിലും മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ച 2 കേസിലും വാളയാർ പൊലീസ് സ്റ്റേഷനിൽ മനുഷ്യ ജീവന് അപകടം വരുത്തുന്ന വിധം മദ്യപിച്ച് വാഹനമോടിച്ച കേസിലും പ്രതിയാണ്.

10 ക്രമിനൽ കേസുകളിൽ പ്രതിയായ പ്രതി പ്രദേശവാസികൾക്കും പൊലീസിനും തലവേദനയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ സി.എൻ. എബിൻ, എ.എസ്.ഐ. ചഞ്ചൽ, സി.പി.ഒ. സുനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related Articles

Back to top button