രാഷ്ട്രീയമല്ല, ഇവിടെ സത്യത്തിനാണ് വില…. ഫർമാൻ ഖാനെതിരായ പോക്സോ കേസ് വ്യാജമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ പിന്തുണച്ച് രാഹുൽ ഈശ്വർ. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാട് നീതിക്കും സത്യത്തിനും നിരക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്സോ കേസ് വ്യാജമാണെന്നും യുവതിക്ക് പ്രായപൂർത്തിയായെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് യുവാവിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ ഔദ്യോഗിക രേഖകളിൽ പ്രായപൂർത്തിയായതായി വ്യക്തമാണെന്നും ഇതിനെതിരെയുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിക്കുന്നു.
വിഷയത്തിൽ ലവ് ജിഹാദ് ആരോപണം ഉയർത്തുന്നവരെയും അതിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടിനെയും രാഹുൽ വിമർശിച്ചു. ഇത് ഗാന്ധിയൻ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ നിലപാടെടുത്ത എം.വി. ഗോവിന്ദൻ മാസ്റ്റർ, എ.എ. റഹിം എംപി എന്നിവരുടെ പ്രവൃത്തിയെ അദ്ദേഹം പ്രശംസിച്ചു. ഇത് കേരളത്തിന് അഭിമാനമാണെന്ന് അദ്ദേഹം കുറിച്ചു. അന്ധമായ രാഷ്ട്രീയ വിരോധം കാരണം ഒരു യുവാവിന്റെയും യുവതിയുടെയും ജീവിതം തകർക്കാൻ ആരും കൂട്ടുനിൽക്കരുതെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.



