കടകംപള്ളി മാത്രമല്ല, പോറ്റിയുടെ വീട്ടില്‍ അടൂര്‍ പ്രകാശും വന്നിരുന്നു, വെളിപ്പെടുത്തി അയല്‍വാസി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വന്നിരുന്നതായി അയല്‍വാസി വിക്രമന് നായര്‍. അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പല തവണ വന്നിട്ടുണ്ടെന്ന് വിക്രമന് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവും , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണനും ഒ എസ് അംബിക എംഎല്‍എയും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തതിന്റെ മഹസര്‍ സാക്ഷിയാണ് വിക്രമന് നായര്‍.
നേരത്തെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ വന്നിരുന്നുവെന്ന് വിക്രമന് നായര്‍ പറഞ്ഞിരുന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പല തവണ വന്നിട്ടുണ്ടെന്നായിരുന്നു വിക്രമന് നായര്‍ വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദ്രനെ ഇവിടെ രണ്ട് തവണ കണ്ടിട്ടുണ്ട്. വന്ന സമയത്ത് അദ്ദേഹം മന്ത്രിയായിരുന്നു. അന്ന് തങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ആദ്യം വന്നപ്പോള്‍ ഉടനെ തന്നെ തിരിച്ചു പോയി. രണ്ടാം തവണ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പോയതെന്നും വിക്രമന് നായര്‍ പറഞ്ഞിരുന്നു.




