പൊളിച്ചുമാറ്റുന്നില്ല…നവീകരണം മാത്രം….സ്റ്റേഡിയം വിവാദത്തെ തള്ളി എം.ബി രാജേഷ്

തിരുവനന്തപുരം: കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ തള്ളി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. സ്റ്റേഡിയം നവീകരിക്കുകയല്ലേ ചെയ്യുന്നത്, പൊളിച്ചു മാറ്റുകയല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന് ചെലവ് വരുന്ന കാര്യമല്ല ഇത്. ഒരാൾ ഒരു പൊതു കാര്യം നവീകരിക്കാൻ ശ്രമിക്കുമ്പോൾ എന്തിനാണ് വിവാദമാക്കുന്നത്? നമ്മുടെ നാട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ പാടില്ല എന്നാണോ എന്നും മന്ത്രി ചോദ്യമുന്നയിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന ഭൂമി കുംഭകോണ ആരോപണത്തിലും മന്ത്രി എം.ബി രാജേഷ് രൂക്ഷമായി പ്രതികരിച്ചു. ആരോപണം വന്നിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ്. അതുകൊണ്ട് തന്നെ മറുപടി നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. മാധ്യമങ്ങളോട് ആക്രോശിച്ചിട്ടും മാധ്യമങ്ങൾ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല? അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടോയെന്ന് മന്ത്രി ചോദിച്ചു.



