ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് ഇതുവരെയും മത്സരിച്ചിട്ടുള്ളതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കാൻ കെ സുരേന്ദ്രൻ താൽപര്യം അറിയിച്ചെന്ന വാർത്തകൾക്കിടെയാണ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങൾ പടച്ചുവിടുന്നത് ശ്രദ്ധയിൽപ്പെട്ടു. ആദ്യം തൃശ്ശൂർ, പിന്നെ പാലക്കാട് ഒടുവിൽ വട്ടിയൂർക്കാവ്. ഒരു മണ്ഡലത്തിലും മൽസരിക്കാൻ താൽപ്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുമുണ്ട്. മൽസരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് തൽപ്പര കക്ഷികളോട് അഭ്യർത്ഥിക്കുന്നു..’ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.



