മാവേലിക്കര സ്വദേശിയുടെ ഒരു കോടി തട്ടിയ കേസിൽ അറസ്റ്റ്

മാവേലിക്കര: കടലാസ് കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് വിരമിച്ച സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ. ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ് സാജൻ (42) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്. ചാരുംമൂട് സ്വദേശി, സംസ്ഥാന കശുവണ്ടി കോർപറേഷനിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ്റെ ഒരു കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്എസ്ആർ ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിന്റെ പാർട്‌ണറെന്ന് പരിചയപ്പെടുത്തിയാണ് സാജൻ തട്ടിപ്പ് നടത്തിയത്. കേരള ബിവറേജസ് കോർപ്പറേഷനിൽ മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടറായി കമ്പനിയിൽ ചേർക്കാമെന്നായിരുന്നു വാഗ്‌ദാനം. കേസിൽ കൂട്ടുപ്രതികളാണെന്ന് സംശയിക്കുന്ന സാജൻ്റെ ഭാര്യയടക്കമുള്ളവർ ഒളിവിലാണ്.

മുൻപ് ചാരുംമൂട്ടിൽ ബാറിൽ മാനേജരായ ജോലി നോക്കി വന്നിരുന്ന സാജൻ നിലവിൽ കരുനാഗപ്പള്ളി നഗരത്തിലെ ബാർ മാനേജരാണ്. 2019 ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്ന് എറണാകുളത്തെ കാക്കനാട് ഒരു മുറി വാടകയ്ക്ക് എടുത്ത് എസ്എസ്ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. പഞ്ചാബിലെ മദ്യനിർമ്മാണ കമ്പനി ഉത്പാദിപ്പിക്കുന്ന മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനായിരുന്നു ശ്രമം. എന്നാൽ ഇതിനുള്ള ലൈസൻസ് ലഭിച്ചില്ല.

ബിസിനസ് നടക്കാതെ വന്നതോടെ പലരെയും സമീപിച്ച് കമ്പനിയിലേക്ക് നിക്ഷേപം നടത്താൻ തുടങ്ങി. ചാരുംമൂട് സ്വദേശിയിൽ നിന്ന് ഇങ്ങനെയാണ് 2022-2024 കാലത്ത് ഒരു കോടി രൂപ വാങ്ങിയത്. അധികം വൈകാതെ കൊച്ചി കാക്കനാട് പ്രവർത്തിച്ചിരുന്ന ഓഫീസ് പൂട്ടി. പിന്നീട് സാജൻ, ഭാര്യ രമ, സുഹൃത്തായ ഓച്ചിറ സ്വദേശി അനൂപ്, അനൂപിന്റെ ഭാര്യ രമ്യ എന്നിവർ ഉടമകളായി ചാരുംമൂട് ജംഗ്ഷനിൽ കോപ്പിയസ് ഡിസ്റ്റിലറിസ് എന്ന സ്ഥാപനം ആരംഭിച്ചു. ഗോവയിലെ രണ്ടു സ്വകാര്യ ഡിസ്റ്റലറികൾ ലീസിന് എടുത്ത് മദ്യനിർമാണം നടത്തുന്നതായി ചാരുംമൂട് സ്വദേശിയെ ഇവർ പറഞ്ഞു വിശ്വസിപ്പിക്കുകയും ഇതിൻ്റെ പേരിലും പണം കൈപ്പറ്റുകയും ചെയ്തു.

എന്നാൽ സാജനും സുഹൃത്തുക്കളും പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയ ചാരുംമൂട് സ്വദേശി ഗോവയിലടക്കം പോയി സ്വന്തം നിലയിൽ അന്വേഷണം നടത്തി. താൻ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ ഇയാൾ നൽകിയ പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തു. ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ ബിനു കുമാർ കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നൂറനാട് എസ്എച്ച്ഒ എസ് ശ്രീകുമാറിനാണ് അന്വേഷണ ചുമതല നൽകിയത്. പിന്നാലെ സാജനെ അറസ്റ്റ് ചെയ്തു. സാജൻ പിടിയിലായതിന് പിന്നാലെ ഇയാളുടെ ഭാര്യയും സുഹൃത്ത് അനൂപും ഭാര്യയും അടക്കം പ്രതികൾ ഒളിവിൽ പോയി.

ബാർ മാനേജരായി ജോലി ചെയ്യുന്ന സാജന് നിരവധി നാഷണൽ പെർമിറ്റ് ലോറികൾ വാങ്ങിയിട്ടുണ്ട്. കരിമുളക്കൽ കേന്ദ്രീകരിച്ച് ഒരു ട്രാൻസ്പോർട്ട് കമ്പനി ഇയാൾ നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ ഇയാൾ വാങ്ങിക്കൂട്ടിയിട്ടുള്ള വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Related Articles

Back to top button