ബലം പ്രയോഗിക്കാനുള്ള കരുത്തില്ല…കള്ളപ്പരാതിക്ക് പിന്നിൽ ഗൂഢാലോചന..; ജാമ്യ ഹർജിയിൽ രഞ്ജിത്ത്

കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകന്‍ രഞ്ജിത്ത്. കള്ളപ്പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ശാരീരിക ബലം പ്രയോഗിക്കാനുള്ള കരുത്തില്ല. ആരോഗ്യസ്ഥിതി മോശമാണ്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. യുവനടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിക്കുന്നു. യുവനടിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രഞ്ജിത്ത് പൊലീസിന്‍റെ പിടിയിലായത്.
ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രഞ്ജിത്തിന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സംഭവം നടന്ന കാരവാൻ തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് നടത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.



