ഓട്ടോയിൽ വന്നിറങ്ങിയത് ഹെൽത്ത് ഇൻസ്പെക്ടറായി… അതിഥി തൊഴിലാളി ക്യാമ്പിൽ….

ഓട്ടോയിൽ വന്നിറങ്ങി ഹെൽത്ത് ഇൻസ്പെക്ടറെന്ന് പരിചയപ്പെടുത്തി നേരെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കയറി വൻ പരിശോധന. മട്ടും ഭാവവും ഒക്കെ ഗൗരവക്കാരനായ ഉദ്യോഗസ്ഥന്റേത് തന്നെ. പരിശോധനയൊക്കെ കഴിഞ്ഞ് മടങ്ങിയപ്പോഴും ആർക്കും സംശയം തോന്നിയില്ല. എന്നാൽ പിറ്റേന്ന് പുലർച്ചെ ക്യാമ്പിൽ ഒരു വൻ മോഷണം കൂടി നടന്നപ്പോഴാണ് തലേന്ന് ഓട്ടോ പിടിച്ചു വന്നത് നിസ്സാരക്കാരനല്ലെന്ന് തൊഴിലാളികളും പൊലീസും നാട്ടുകാരും മനസിലാക്കിയത്. ഫറോക്കില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നയാള്‍ കഴിഞ്ഞ ദിവസം പിടിയിലായത് ഏറെ നാടകീയതകൾക്കൊടുവിലായിരുന്നു. നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫറോക്കില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ വന്‍ മോഷണം നടന്നത്

പതിനാല് മൊബൈല്‍ ഫോണുകളും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്. 45 തൊഴിലാളികളാണ് ക്വാർട്ടേഴ്സില്‍ ഉണ്ടായിരുന്നത്. പ്രതിയായ നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്ന വ്യാജേന മോഷണം നടന്ന ക്വാട്ടേഴ്സില്‍ പോയിരുന്നു. പിറ്റേ ദിവസം പുലര്‍ച്ചെയായിരുന്നു കവര്‍ച്ച. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസ് പുറത്തു വിട്ടിരുന്നു. മോഷണത്തിന് ശേഷം റെയിൽവെ സ്റ്റേഷന്‍ വരെ പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. മോഷണത്തിന് ശേഷം നിലമ്പൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതി പിടിയിലായത്. അഞ്ചു ഫോണുകള്‍ ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി. ബാക്കി ഫോണുകള്‍ വിറ്റെന്നാണ് ഇയാളുടെ മൊഴി. ഇത് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇയാള്‍ കൂടുതല്‍ മോഷണം നടത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Related Articles

Back to top button