വാഹനം ഇടിച്ച് റോഡിൽ കിടന്നത് മണിക്കൂറുകളോളം….വിവരമറിയിച്ചിട്ടും ആരുമെത്തിയില്ല…അതിർത്തി തർക്കത്തിൽ നഷ്ട്ടപ്പെട്ടത്…
ഇടുക്കി വണ്ടിപ്പെരിയാറിൽ വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ വനംവകുപ്പിൻറെ അനാസ്ഥമൂലം ചത്തു. നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു. എന്നാൽ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി.
അതിർത്തി തർക്കത്തിൽ കേഴമാന്റെ ജീവൻ നഷ്ടപ്പെടുമെന്ന് മനസിലായ നാട്ടുകാർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സയ്ക്കായി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ ചത്തത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.