മത്സരിക്കാൻ സെലിബ്രിറ്റികൾ വേണം…ഇല്ലെന്ന് അനുഭാവിയായ യുവനടൻ…സമ്മതിച്ച് റോബിൻ രാധാകൃഷ്ണൻ

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സ്ഥാനാർഥികൾ, സെലിബ്രിറ്റികളോ മറ്റു പാർട്ടികളിൽനിന്നു വന്നവരോ ആകണമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം. ഇതോടെ സിനിമാ, ടി.വി. താരങ്ങളുടെയും എഴുത്തുകാരുടെയും സംരംഭകരുടെയും പിന്നാലെ പായുകയാണ് സംസ്ഥാന നേതാക്കൾ.
എൻ.ഡി.എ.കൺവീനർ എ.എൻ. രാധാകൃഷ്ണനാണ് ഇതിന്റെ ചുമതല. ഗായികയെയും ഗായകനെയുംവരെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. സമീപിച്ചെങ്കിലും ഇവരാരും സമ്മതിച്ചില്ല. സംഘപരിവാർ അനുകൂലിയായ യുവനടൻപോലും മത്സരിക്കാനാകില്ലെന്നു പറഞ്ഞത് പാർട്ടിക്ക് തിരിച്ചടിയായി. എങ്കിലും താരങ്ങളുമായുള്ള കൂടിക്കാഴ്ച കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ബി.ജെ.പി.
ട്വന്റി ട്വന്റിയുടെയും ബി.ഡി.ജെ.എസിന്റെയും സ്ഥാനാർഥികളായി സെലിബ്രിറ്റികളെ കൊണ്ടുവരാനുള്ള നീക്കവുമുണ്ട്. ടി.വി.താരം അഖിൽ മാരാരെ കൊട്ടാരക്കരയിലോ പത്തനാപുരത്തോ സ്ഥാനാർഥിയാക്കാനായിരുന്നു ആലോചന. പ്രാദേശികമായ എതിർപ്പുള്ളതിനാൽ ഇദ്ദേഹത്തെ എറണാകുളം ജില്ലയിലേക്കാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് വിവരം. പാറശ്ശാലയിൽ സംരംഭകനായ ഗിരീഷ് നെയ്യാർ സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്. ടി.വി.താരം റോബിൻ രാധാകൃഷ്ണനും മത്സരിക്കാൻ സമ്മതിച്ചതായാണ് വിവരം.



