‘ഗണേഷ് സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ പ്രതികരിക്കുന്നില്ല, ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണം’

മന്ത്രി കെബി ഗണേഷ്‌ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും. ഗണേഷിന്റെ ഭാര്യയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ പരാതിയുമായി നേരിട്ട് മുഖ്യമന്ത്രിയെ സമീപിക്കാമായിരുന്നുവെന്നും ബിന്ദു പറഞ്ഞു. ഗണേഷ്‌ കുമാർ സ്ഥാന മന്ത്രിസഭയിലെ അംഗമാണ്. കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തിൽ വിഷയത്തിൽ പ്രതികരിക്കുന്നത്  ഉചിതമല്ല. സംഭവം എന്തെന്ന് കൃത്യമായി അറിഞ്ഞ ശേഷം വ്യക്തമായി പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടത് കാഴ്ചപ്പാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗണേഷ് കുമാറിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ അതീവ മോശമായ സാഹചര്യത്തിൽ താൻ നേരിട്ടു കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ വെളിപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോൾ തനിക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് വരുത്തിത്തീർക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നും. ഈ സാഹചര്യത്തിലാണ് എല്ലാം തുറന്നു പറയുന്നതെന്നും ബിന്ദു വ്യക്തമാക്കി. വർഷങ്ങളായി താൻ ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടപ്പോൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തടഞ്ഞുവെന്നും ബിന്ദു ആരോപിച്ചു. സ്റ്റാഫായ ശാന്തൻ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും പ്രദീപ് എന്നയാൾ മുറിയുടെ വാതിൽ അടച്ച് തന്നെ തടയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന സ്ത്രീയെ ശാന്തൻ തന്നെ കാറിൽ കയറ്റി വിടുകയായിരുന്നു. പിന്നീട് മന്ത്രി മുറിയിൽ കയറി വാതിൽ അടച്ചു. “സാറിന് ഒരു തെറ്റ് പറ്റിപ്പോയി” എന്ന് സെക്രട്ടറി മനോജ് തന്നോട് സമ്മതിച്ചതായും ബിന്ദു മേനോൻ വെളിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ബന്ധുവും മുൻ ഡിജിപിയുമായ ശ്രീലേഖയെ വിവരം അറിയിച്ചെന്നും, ശ്രീലേഖയുടെ നിർദ്ദേശാനുസരണം സഹായത്തിനായി 112 ലേക്ക് വിളിച്ച് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവർ വിഷയത്തിൽ ഇടപെടില്ലെന്ന് അറിയിച്ചുവെന്നും ബിന്ദു മേനോൻ പറയുന്നു. വിഷയം മുഖ്യമന്ത്രി പിണറായി വിജയൻറെ മകളെയും അറിയിച്ചിരുന്നുവെന്നും ഗണേഷ് കുമാറിന്റെ ഭാര്യ വ്യക്തമാക്കി. മന്ത്രിക്കെതിരെ നിയമനടപടികളിലേക്ക് പോകുന്നില്ലെന്നും എന്നാൽ തന്റെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ഇപ്പോൾ ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നും ബിന്ദു മേനോൻ പറഞ്ഞു.

Related Articles

Back to top button