ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം.. കെഎസ്ഇബിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.. മരണ കാരണം ‘സ്റ്റേവയർ പൊട്ടിയതല്ല..
ആലപ്പുഴ: ഹരിപ്പാട് പാടശേഖരം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. കെഎസ്ഇബി സേഫ്റ്റി ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സ്റ്റേവയർ പൊട്ടിയതല്ലെന്നും അജ്ഞാതർ ഊരി വിട്ടെന്നും കെഎസ്ഇബിയുടെ വിശദീകരണം. ഊരി വിട്ട സ്റ്റേവയറിൽ പിടിച്ചാണ് വീട്ടമ്മ റോഡിലേക്ക് കയറിയത്. സ്റ്റേവയർ തട്ടി ഫ്യൂസ് കാരിയർ പൊട്ടി വീണു. ഇതിൽ നിന്നാണ് ഷോക്കേറ്റതെന്നും കെഎസ്ഇബിയുടെ വിശദീകരണം. പോസ്റ്റിൽ നിന്ന് കണക്ഷൻ നൽകിയത് കഴിഞ്ഞ മാസം അവസാനമാണ്. പുതിയ കണക്ഷൻ ആയിരുന്നതിനാൽ സുരക്ഷ കൃത്യമായി പരിശോധിച്ചിരുന്നെന്നും കെഎസ്ഇബി ഹരിപ്പാട് ഡിവിഷൻ.
അതേ സമയം, സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. കേബിളുകൾ താഴേക്ക് തൂങ്ങി നിൽക്കുന്നത് പലതവണ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു. പള്ളിപ്പാട് സ്വദേശി 64 കാരി സരളയാണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. പരിക്കേറ്റ ലത വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഹരിപ്പാട് കെഎസ്ഇബി ഡിവിഷനിലെ പള്ളിപ്പാട് സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായിരുന്നു മന്ത്രിയുടെയും പ്രതികരണം. പ്രതികരണം.കെഎസ്ഇബിയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് പള്ളിപ്പാട് സെക്ഷൻ ഓഫീസിലേക്ക് ബിജെപി പ്രതിഷേധമാർച്ച് നടത്തി.