പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി..രാത്രിയായിട്ടും..മൊബൈൽ ലൊക്കേഷൻ നോക്കി കാർ കണ്ടെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ…
42കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരുവിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.മുത്യാല നഗർ സ്വദേശിയായ അശ്വിനി കുമാർ എന്നയാളെയാണ് കൊഡിഗെഹള്ളി ഫ്ലൈ ഓവറിന് സമീപം ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ അശ്വിനി കുമാറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയപ്പോഴാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു അശ്വനി കുമാറിന്റെ ചലനമറ്റ ശരീരം. വിൻഡോ തകർത്ത് പൊലീസ് ഡോർ തുറന്നു. തുടർന്ന് പരിശോധിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു.
വാഹനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അതേസമയം ശരീരത്തിൽ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വഭാവിക മരണത്തിന് കൊഡിഗെഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടരന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.



