പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമോ എന്ന് രാഹുൽ ഗാന്ധി; അത്തരമൊരു ആശയം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

പൊതുമേഖലാ ബാങ്കുകളുടെ ലയനം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഒരു പദ്ധതിയും ഇപ്പോൾ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മൂന്നു പ്രധാന ബാങ്കുകളാക്കി നിലനിർത്താനാണ് സർക്കാർ നീക്കമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ധനസഹമന്ത്രി പങ്കജ് ചൗധരി മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കുന്നതിനുള്ള ശ്രമവും നിലവിലില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ, ഓഹരിവിൽപനയിലൂടെ കഴിഞ്ഞ വർഷങ്ങളിലായി 11 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽകരിച്ചതിലൂടെ മികച്ച പ്രകടനം കൈവന്നതായും മന്ത്രാലയം സൂചിപ്പിച്ചു.


